പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളുടെ 1.3 കോടിയോളം രൂപ മൂല്യമുള്ള ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’യുടെ ഭാഗമായാണ് നടപടി.
സ്വർണ്ണം ചെമ്പാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളുടെ എട്ടോളം വരുന്ന സ്ഥാവര സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ഇ.ഡി വ്യക്തമാക്കി. ദേവസ്വം ബോർഡ് ആസ്ഥാനത്തിൽ നിന്നാണ് പ്രധാന രേഖകൾ പിടിച്ചെടുത്തത്. സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ നിന്ന് 100 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു. സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്.
ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ പുറത്തിറക്കിയ വിവിധ ഉത്തരവുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസമാണ് ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിൽ ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം ഇ.ഡി ആരംഭിച്ചത്. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു എന്നിവരുടെ വീടുകളിൽ റെയ്ഡ് നടത്തി. ദേവസ്വം ബോർഡ് ആസ്ഥാനമടക്കം സംസ്ഥാനത്ത് 21 ഇടങ്ങളിലാണ് ഒരേ സമയം പരിശോധന നടന്നത്.
തിരുവനന്തപുരം ജില്ലയിൽ മാത്രം അഞ്ച് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. എൻ. വാസുവിന്റെ പേട്ടയിലെ വീട്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ പുളിമാത്തെ വീട്, സഹോദരി മിനി ദേവിയുടെ വീട്, പാങ്ങാപ്പാറയിലെ കെ.എസ്. ബൈജുവിന്റെ ഫ്ലാറ്റ്, ദേവസ്വം ബോർഡ് ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു പരിശോധന. പത്തനംതിട്ടയിൽ എ. പത്മകുമാറിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തി.
സംസ്ഥാനത്തിന് പുറത്ത് നാല് ഇടങ്ങളിലും പരിശോധന നടന്നു. കർണാടകയിലെ ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലും ഫോർട്ട് ഏരിയയിലെ വീട്ടിലും, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങളിലുമാണ് ഇ.ഡി റെയ്ഡ് നടത്തിയത്.
