ശബരിമല സ്വർണക്കവർച്ച കേസ്: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം

തിരുവനന്തപുരം:

ശബരിമല സ്വർണക്കവർച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടി നീക്കം തുടങ്ങി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം കേന്ദ്രീകരിച്ചാണ് അന്വേഷണ നടപടി.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എസ്‌ഐടി. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.

ആദ്യമായാണ് യുഡിഎഫുമായി ബന്ധപ്പെട്ട ഒരു നേതാവ് ഈ കേസിൽ അന്വേഷണ പരിധിയിലേക്കു വരുന്നത്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിലെത്തി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

അതീവസുരക്ഷയുള്ള സോണിയാ ഗാന്ധിയുടെ അടുത്തുവരെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എങ്ങനെ എത്താൻ കഴിഞ്ഞുവെന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നയിച്ചത്. ഈ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം ശക്തമാക്കുന്നത്.

എന്നാൽ, പോറ്റിയെ കാണുന്നതിന് മുൻപ് മുഖ്യമന്ത്രിയെയാണ് അദ്ദേഹം കണ്ടതെന്നായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

malayalampulse

malayalampulse