ശബരിമല സ്വർണക്കൊള്ള; തന്ത്രിക്ക് കവചമൊരുക്കി കുമ്മനം രാജശേഖരൻ, എസ്‌ഐടിക്ക് പക്ഷപാതമെന്ന ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ പിന്തുണച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് കുറ്റകൃത്യം നടന്നതെന്ന് എങ്ങനെ പറയാനാകുമെന്ന ചോദ്യമുയർത്തിയ കുമ്മനം, പല രേഖകളിലും ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും വ്യക്തമാക്കി.

പലരെയും രക്ഷപ്പെടാൻ അനുവദിക്കുന്ന തരത്തിലുള്ള അന്വേഷണമാണ് എസ്‌ഐടി നടത്തുന്നതെന്ന സംശയം ശക്തമാകുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിലൂടെ എന്താണ് ലഭിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് ചോദിച്ചു. മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകണമെന്നും, എന്നാൽ അന്വേഷണത്തിൽ ഗുരുതര സംശയങ്ങൾ നിലനിൽക്കുന്നുവെന്നും കുമ്മനം പറഞ്ഞു.

കേസിൽ പ്രധാനപ്പെട്ടവരിലൊരാളായ ശങ്കരദാസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, നിർണായക വിഷയങ്ങളിലേക്ക് അന്വേഷണം കടന്നിട്ടുണ്ടോയെന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണം ആരുടെ കൈകളിലേക്കാണ് എത്തിയതെന്ന വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നും, കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലക്ഷ്യം ഉണ്ടാകാമെന്ന സംശയവും കുമ്മനം ഉന്നയിച്ചു.

സ്വർണക്കൊള്ള കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കുമ്മനം, സർക്കാർ ഇതിനെ എതിർക്കുന്നത് എന്തിനാണെന്നും ചോദിച്ചു. തന്ത്രിയുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തുന്നത് എന്തിനാണെന്നും കുമ്മനം ചോദിച്ചു.

ഒരു തന്ത്രിയിൽ മാത്രം ഒതുങ്ങുന്ന വിഷയമല്ലിതെന്നും, പല രേഖകളിലും തന്ത്രിയല്ല ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. തന്ത്രി കുറ്റക്കാരനാണെങ്കിൽ അർഹമായ ശിക്ഷ ലഭിക്കട്ടെയെന്നും, എന്നാൽ പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന പക്ഷപാതം എസ്‌ഐടിക്ക് ഉണ്ടോയെന്ന സംശയം ശക്തമാകുന്നുവെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

malayalampulse

malayalampulse