കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവറെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയാണെന്ന് എസ്ഐടി അറസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമാണെന്ന അറിവുണ്ടായിരുന്നിട്ടും തന്ത്രി ഇടപെട്ടില്ലെന്നും, ദേവസ്വം ബോർഡിനെയോ ബന്ധപ്പെട്ട അധികാരികളെയോ വിവരം അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത തന്ത്രിയെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഉച്ചയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജഡ്ജിയുടെ ക്വാർട്ടേഴ്സിൽ നടന്ന നടപടികൾക്ക് ശേഷം റിമാൻഡ് ഉത്തരവായി.
അതേസമയം, തന്ത്രി രാജീവ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
അറസ്റ്റിനെതിരെ തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. സി.ഡി. അനിൽ പ്രതികരിച്ചു. തന്ത്രിക്ക് ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ തടയാനുള്ള അധികാരമില്ലെന്നും, അറസ്റ്റ് നടപടിയിൽ തന്ത്രിയുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിക്ക് യാതൊരു സാമ്പത്തിക ലാഭവും ഉണ്ടായിട്ടില്ലെന്നും ആചാരലംഘനം നടത്തിയെന്ന വാദം നിയമപരമായി നിലനിൽക്കില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
