ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര്‍ രാജീവരര്‍ക്ക് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര്‍ രാജീവരര്‍ക്ക് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ജാമ്യം ലഭിച്ചത്. 41 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്.

കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റു പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യമായിരുന്നു ലഭിച്ചിരുന്നത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും മതിയായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടതിന് പിന്നാലെയായിരുന്നു വിധി. തന്ത്രിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു.

ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ള കേസിലാണ് ആദ്യം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുന്നതിനിടെ എസ്‌ഐടി ജയിലിലെത്തി കട്ടിളപ്പാളി കേസിലും അറസ്റ്റ് രേഖപ്പെടുത്തി. ജനുവരി 9-നായിരുന്നു ആദ്യ അറസ്റ്റ്. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അവസാനം അറസ്റ്റ് ചെയ്തത് തന്ത്രിയെയായിരുന്നു.

ആചാരപരമായ കാര്യങ്ങളിലേ തന്ത്രിക്ക് പങ്കുള്ളൂ, ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നുമാണ് പ്രതിഭാഗം ജാമ്യാപേക്ഷയില്‍ വാദിച്ചത്. അതേസമയം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും എസ്‌ഐടി കോടതിയില്‍ ഹാജരാക്കി. തന്ത്രിയുടെ പേരില്‍ 2.05 കോടി രൂപയും ഭാര്യയുടെ പേരില്‍ 62 ലക്ഷം രൂപയും സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ദേവസ്വം ബോര്‍ഡില്‍നിന്ന് ഏഴര ലക്ഷം രൂപ കൈപ്പറ്റിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം ഈ വാദങ്ങളെ പൂര്‍ണമായി എതിര്‍ത്തു.

malayalampulse

malayalampulse