തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. റാന്നി കോടതിയാണ് ഉത്തരവിട്ടത്. മുരാരി ബാബുവിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി എസ്ഐടി സംഘം കസ്റ്റഡിയിലെടുത്തതിനെ തുടർന്നായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖയുണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന നിലയിലാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്.
വിവാദ ഇടനിലക്കാരൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശേഷമുള്ള രണ്ടാം പ്രധാന അറസ്റ്റാണ് ഇത്. 2019-ൽ ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വർണ്ണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. 1998-ൽ ശ്രീകോവിലിലും ദ്വാരപാലക പാളികളിലും സ്വർണ്ണം പതിച്ചതായുള്ള രേഖകൾ ബാബുവിന് ലഭ്യമായിരുന്നുവെങ്കിലും, 2019ലും 2024ലും അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത് കേസിലെ നിർണ്ണായക ഘടകമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
ദേവസ്വം വിജിലൻസിന്റെയും എസ്ഐടിയുടെയും കണ്ടെത്തലുകൾ പ്രകാരം, സ്വർണ്ണക്കവർച്ചക്ക് വഴിതെളിച്ച ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണ്. പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറാൻ അനുമതി നൽകണമെന്ന കുറിപ്പും ദേവസ്വം ബോർഡിന് നൽകിയതായാണ് കണ്ടെത്തൽ.
വർഷങ്ങളായി ദേവസ്വം ബോർഡിൽ ഉന്നത പദവികൾ വഹിച്ചിരുന്ന ബാബു, സ്വർണ്ണക്കൊള്ള കേസിലെ അഭ്യന്തര ഗൂഢാലോചനയുടെ മുഖ്യ നായകൻ ആണെന്ന് അന്വേഷണ സംഘം പറയുന്നു. പോറ്റിയെയും ബാബുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇനി കൂടുതൽ ഉദ്യോഗസ്ഥരടക്കം അറസ്റ്റിലാകുമോ എന്നതാണ് ആകാംക്ഷ.
