തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായി അന്വേഷണം നേരിടുന്ന വാസുവിനെ ഇന്ന് രാവിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായാണ് വിവരം.
മുൻ ദേവസ്വം ബോർഡ് കമ്മീഷണറും ദേവസ്വം കമ്മീഷണറുമായിരുന്നു എന്‍ വാസു. സ്വർണപാളി കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന. ദേവസ്വം ബോർഡിൽ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിരുന്ന വാസുവിനെതിരായ നടപടി കേസിന് പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.
വാസുവിനെതിരെ നിർണായക മൊഴി നൽകിയിരിക്കുന്നത് മുരാരി ബാബുവാണ്. “എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് നടന്നത്” എന്നായിരുന്നു മുരാരിയുടെയും സുധിഷിന്റെയും മൊഴി. മുൻ തിരുവാഭരണ കമ്മീഷണർ ബൈജുവിന്റെയും മൊഴി വാസുവിനെതിരെ തന്നെ പോയതായാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചോദ്യം ചെയ്യലിനിടെ രേഖകളിൽ തിരുത്തലുകൾ വന്നതിനെക്കുറിച്ച് വാസുവിന് മറുപടി നൽകാനായില്ല. “ഓർത്തെടുക്കാൻ കഴിയുന്നില്ല, ആരോഗ്യപ്രശ്നങ്ങളുണ്ട്” എന്നായിരുന്നു വാസുവിന്റെ മറുപടി.
റാന്നി കോടതി അവധിയായതിനാൽ, വാസുവിനെ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുന്നത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിന് വാസുവിന്റെ അറസ്റ്റ് നിർണായക ഘട്ടമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
