തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ 13ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവറെ വീണ്ടും ജയിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ നിന്നു ജയിലിലേക്ക് തിരിച്ചയച്ചത്.
ശനിയാഴ്ചയാണ് തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംഐസിയുവിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയാണ് ജയിലിൽ കഴിയുന്നതിനിടെ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറക്കം അനുഭവപ്പെടുന്നതായി തന്ത്രി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ജനറൽ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇസിജി ഉൾപ്പെടെയുള്ള പരിശോധനകളും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രോപ്പ് ടെസ്റ്റും നടത്തി. പരിശോധനാഫലത്തിൽ ചില അസാധാരണതകൾ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ വിശദ പരിശോധനകൾക്കായി തന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി തന്ത്രിയെ പരിശോധിക്കുകയും കൂടുതൽ പരിശോധനകൾ നിർദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരീക്ഷണത്തിനായി തന്ത്രിയെ എംഐസിയുവിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഇന്ന് വീണ്ടും ജയിലിലേക്ക് മാറ്റിയത്.
ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജനുവരി ഒൻപതിനാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണപ്പാളികൾ പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതും, ആചാരലംഘനത്തിന് കൂട്ടുനിന്നതും, തട്ടിപ്പിന് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായതുമാണ് അറസ്റ്റ് റിപ്പോർട്ടിലും റിമാൻഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്.
