ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ത്വരിതാന്വേഷണം നടത്താൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് വിജിലൻസിന് നിർദേശം നൽകി. 2017ൽ കേടുപാടുകളില്ലാതിരുന്ന കൊടിമരം ദ്രവിച്ചു എന്ന പേരിൽ മാറ്റിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിൽ ചില അസ്വാഭാവികതകൾ സൂചിപ്പിച്ചതിനെ തുടർന്ന് കൂടുതൽ വ്യക്തത വരുത്താൻ കോടതി ആവശ്യപ്പെട്ടു.
കൊടിമര പുനർനിർമ്മാണത്തിനായി ഏകദേശം 27 പേർ സ്വർണം സംഭാവന നൽകിയതായി പറയപ്പെടുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമല്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ഇതിൽ സെലിബ്രിറ്റികളും ഉൾപ്പെടുന്നതായും സൂചനയുണ്ട്. ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഏറ്റെടുക്കാനും കേസെടുക്കാനും കോടതി നിർദേശം നൽകി.
അതേസമയം, 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുനഃസ്ഥാപനം നടന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്ത യുഡിഎഫ് നേതാവ് അജയ് തറയിൽ, ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും സ്വർണം സംഭാവനയായി സ്വീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഫീനിക്‌സ് ഗ്രൂപ്പ് 3.20 കോടി രൂപ നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലും അന്വേഷണം ശക്തമാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. വിഎസ്എസ്സിയിൽ നടത്തിയ പരിശോധനയിൽ 989 ഗ്രാം സ്വർണം നഷ്ടമായതായി കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ഉത്തരവായി. ഫെബ്രുവരി 12ന് സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ പരിശോധന നടത്തും.
സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ മാറ്റിയതാണോ, പഴയ പാളികളിൽ വീണ്ടും സ്വർണം പൂശിയതാണോ എന്നതിൽ വ്യക്തത വരുത്താനാണ് പരിശോധന. പ്രതികളുടെ ഫോൺ കോൾ രേഖകളും കൈയക്ഷരങ്ങളും പരിശോധിക്കാൻ എസ്‌ഐടിക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസ് ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും.
