പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088 തീർത്ഥാടകർ ദർശനം നടത്തി. ശനിയാഴ്ച്ച തിരക്ക് താരതമ്യേന കുറവായിരുന്നു.
പുലർച്ചെ 12 മുതൽ വൈകിട്ട് 7 വരെ 61,190 പേർ മല കയറി. ദീർഘനേരം കാത്തിരിപ്പില്ലാതെ ലഭിക്കുന്ന സുഗമദർശനം തീർത്ഥാടകരെ സംതൃപ്തരാക്കുന്നതായും അവർ വ്യക്തമാക്കി.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ അയക്കുന്നത് സന്നിധാനത്തിലെ തിരക്കനുസരിച്ചുള്ള നിയന്ത്രണത്തിലൂടെയാണ്, ഇതിലൂടെ ദർശനം സമയബന്ധിതവും സുഗമവുമാക്കാൻ കഴിഞ്ഞതായി സേനകൾ അറിയിച്ചു. ദേവസ്വം ബോർഡിന്റെ ക്രമീകരണങ്ങളാണ് ഈ സുഗമതയ്ക്ക് സഹായകമായതെന്നും തീർത്ഥാടകർ അഭിപ്രായപ്പെട്ടു.
ദീർഘനേരം തിരക്ക് തുടരുന്നതിനാൽ സ്പോട്ട് ബുക്കിംഗ് പരിധി 5,000 ആയി നിജപ്പെടുത്തി.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകരുടെ വരവ് വർധിച്ചതോടെ ശബരിമലയിലേക്ക് കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ചു.
പമ്പ–കോയമ്പത്തൂർ സർവീസ്: രാത്രി 9:30 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 മണിക്ക് പമ്പയിൽ നിന്ന് മടങ്ങും. പുനലൂർ–പമ്പ–തെങ്കാശി റൂട്ടിൽ പുതുക്കിയ സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. പളനി, തിരുനെൽവേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും ക്രമീകരിച്ചു. തീർത്ഥാടനം കൂടുതൽ സുലഭമാക്കാൻ 67 കെഎസ്ആർടിസി ബസുകൾക്ക് പുതുതായി അന്തർസംസ്ഥാന പെർമിറ്റുകൾ അനുവദിച്ചു.
തീർത്ഥാടകരുടെ ആവശ്യാനുസരണം കാർണാടകയിലേക്കുള്ള സർവീസുകളും ഷെഡ്യൂൾ ചെയ്യുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
