ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. നട തുറന്ന ശേഷം, വിവാദമായ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു. ചെന്നൈയിൽ എത്തിച്ചു കേടുപാടുകൾ പരിഹരിച്ച ശേഷമാണ് സ്വർണം പൂശിയ പാളികൾ തിരികെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ സ്ഥാപിച്ചത്.
ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് ആദ്യം സ്വർണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളിൽ സ്ഥാപിച്ചത്. സ്ട്രോങ് റൂമിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇവ പുനഃസ്ഥാപിക്കാൻ എത്തിച്ചത്. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് അറ്റകുറ്റപ്പണി കഴിഞ്ഞെത്തിയ പാളികൾ വീണ്ടും സ്ഥാപിച്ചത്. ശബരിമലയിലെ സ്വർണപ്പാളി വിഷയം ഏറെ വിവാദമായതിനാൽ കോടതിയുടെ കർശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രി, മേൽശാന്തി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവർ സന്നിഹിതരായിരുന്നു.
മേൽശാന്തി നറുക്കെടുപ്പ് നാളെ
നാളെ (ഒക്ടോബർ 18) തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം അടുത്ത ഒരു വർഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ശബരിമല മേൽശാന്തി പട്ടികയിൽ 13 പേരും മാളികപ്പുറം മേൽശാന്തി പട്ടികയിൽ 14 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
പ്രധാന പൂജകളും അടച്ചുപൂട്ടലും
നാളെ മുതൽ ഒക്ടോബർ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകളും നടക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് വിപുലമായ സുരക്ഷാക്രമീകരണങ്ങൾ
തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായി ഉന്നത പൊലീസ് സംഘം ശബരിമലയിൽ സുരക്ഷാ പരിശോധന തുടങ്ങി. സന്നിധാനം, പമ്പ, സ്വാമി അയ്യപ്പൻ റോഡ്, നിലയ്ക്കൽ ഹെലിപാഡ് എന്നിവിടങ്ങളിൽ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, ഇന്റലിജൻസ് എസ്.പി., വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശോധന നടത്തി. വനമേഖലയിലും കുണ്ടാർ ഡാമിന്റെ സമീപത്തും അധികൃതർ പരിശോധന നടത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒക്ടോബർ 22ന് തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
