പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ തെളിയുന്നത് അതും കടത്തിയെന്ന വസ്തുതയാണ്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്കാണ് തന്ത്രി കണ്ഠരര് രാജീവര് കത്ത് നൽകിയത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 11നാണ് രാജീവര് ദേവസ്വം ബോർഡിനെ സമീപിച്ചത്. ചിരഞ്ജീവിക്കൊപ്പം സന്നിധാനത്ത് എത്തി വിവാദത്തിൽ കുടുങ്ങിയ കുടുംബമാണ് വാജിവാഹനം കൈവശം വച്ചിരിക്കുന്നതെന്നാണ് സൂചന. അതിനിടെ അതീവ രഹസ്യമായി വാജി വാഹനം ദേവസ്വം ബോർഡിന് കൈമാറിയെന്നും സൂചനയുണ്ട്. ഇതിനിടെയാണ് തന്ത്രിയുടെ കത്ത് പുറത്തു വരുന്നത്. വാജി വാഹനത്തിൽ ദേവസ്വം ബോർഡ് ഇനിയും പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
വാജിവാഹനം: കാണാതായത് അയ്യപ്പന്റെ ‘കുതിര’
ശബരിമല അയ്യപ്പ സന്നിധിയിൽ എട്ടുവർഷത്തിനു മുൻപ് സ്വർണ കൊടിമരവും അയ്യപ്പ വാഹനമായ കുതിരയുടെ രൂപവും സ്ഥാപിച്ചപ്പോൾ മുൻപുണ്ടായിരുന്ന കുതിര രൂപം മാറ്റിയതായി സംശയമുണ്ടെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. പത്തു കിലോയോളം തങ്കം ഉപയോഗിച്ചാണ് സ്വർണ കൊടിമരം പുതുക്കി നിർമ്മിച്ചിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പുതിയ സ്വർണ കൊടിമരം നിർമ്മിക്കാനുള്ള സ്‌പോൺസർഷിപ്പ് നൽകിയതിലും ക്രമക്കേട് നടന്നതായാണ് ഇപ്പോൾ ആരോപണമുയരുന്നത്. പുതിയ സ്വർണ കൊടിമരം സ്ഥാപിച്ച് രണ്ടുമാസത്തിനുള്ളിൽ അതിൽ മെർക്കുറി ഒഴിച്ച് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.
കൊടിമരങ്ങളിൽ കാണുന്ന ജീവിയുടെ രൂപം ദേവതയുടെ വാഹനം ഏതാണെന്ന് മനസ്സിലാക്കാൻ സഹായിക്കും. ശാസ്താവിന്റെ വാഹനം കുതിരയാണ്, അതിനെയാണ് ‘വാചി’ അല്ലെങ്കിൽ ‘വാഹനം’ എന്ന് പറയുന്നത്. അതായത് ശബരിമലയിലെ പഴയ കൊടിമരത്തിലെ ‘വാചി’യെ കാണാനില്ലെന്നാണ് സൂചന. വെള്ളിയിലാണ് ഇത് പണിതിരുന്നത്.
സ്വർണ്ണ കൊടിമരം: ദുരൂഹതകൾ
2017 ഏപ്രിലിലാണ് പുതിയ സ്വർണ കൊടിമരം സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചത്. പത്തു കിലോയോളം തങ്കം ഉപയോഗിച്ച് മൂന്നരകോടി രൂപ ചെലവിട്ടാണ് സ്വർണ കൊടിമരം നിർമ്മിച്ചത്. പുതിയത് സ്ഥാപിക്കുന്നതിന് മുൻപ് പഴയ കൊടിമരവും അതിനു മുകളിൽ സ്ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത് എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ദേവസ്വം ബോർഡ് ഇതുവരെ നൽകിയിട്ടില്ല.
വർഷങ്ങളായി അയ്യപ്പ സന്നിധിയിൽ ഉണ്ടായിരുന്ന കുതിര രൂപത്തിന് ഭക്തർ സമാനതകളില്ലാത്ത വിലയാണു കൽപ്പിക്കുന്നത്. അതുകൊണ്ടാണ് സ്വർണ്ണപ്പാളികളുടെ വിഷയം വിവാദമായ സാഹചര്യത്തിൽ പഴയ കൊടിമരവും കുതിര രൂപവും വിറ്റതാണെന്ന സംശയവും ഉയർന്നത്. ഇതെല്ലാം ശരിയാണെന്ന തരത്തിലാണ് തന്ത്രിയുടെ കത്ത് പുറത്തു വരുന്നത്.
പുതിയ കൊടിമരം സ്വർണ്ണം പൂശി സ്ഥാപിക്കാൻ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് സ്‌പോൺസർഷിപ്പ് നൽകിയതു സംബന്ധിച്ചും ദുരൂഹതയുണ്ട്്. കമ്പനിക്ക് ‘ഫീനിക്‌സ് പക്ഷിയെ’ പോലെ വാജി വാഹനവുമായി പറന്ന് ഉയരാൻ സഹായം ചെയ്തുനൽകിയത് ആരാണെന്ന കാര്യത്തിലാണ് ദുരൂഹത.
പഴയ വെള്ളിക്കുതിര എവിടെ?
പഴയ കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ച ‘വാചി’ വെള്ളിയിലുള്ളതായിരുന്നു. പുതിയ കൊടിമരത്തില്‍ സ്വർണ്ണം പൂശിയ പുതിയ ‘വാചി’യാണുള്ളത്. അപ്പോൾ ആ പഴയ വെള്ളയിലുള്ള കുതിര എവിടെ പോയി എന്നതാണ് ഉയരുന്ന ചോദ്യം. ആരുടെ നിർദ്ദേശ പ്രകാരമാണ് ഈ വാചി മുതലാളിയ്ക്ക് കൊടുത്തതെന്നതും ദുരൂഹമായി തുടരുന്നു. ഇങ്ങനെ കൈമാറാൻ ആർക്കും അധികാരമില്ലെന്നതാണ് വസ്തുത.
ശാസ്താവിന്റെ വാഹനം കുതിര
അയ്യപ്പനെ ഭക്തമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് പുലിവാഹനനായിട്ടാണെങ്കിലും തന്ത്രശാസ്ത്രങ്ങളിൽ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെയാണ്. ഭഗവാന്റെ ധ്വജപ്രതിഷ്ഠകളിൽ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനൻ, തുരഗവാഹനൻ, അശ്വാരൂഢൻ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. മനുഷ്യന്റെ ചിന്തകളെയാണ് ധർമമൂർത്തിയായ ശാസ്താവിന്റെ വാഹനമായി കൽപിച്ചിരിക്കുന്നത്.
