ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കിംവദന്തികള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഒരു സ്ഥാനവും ലക്ഷ്യമിടുന്നില്ലെന്നും വ്യക്തമാക്കി.
സൗരവ് ഗാംഗുലി, റോജര്‍ ബിന്നി എന്നിവര്‍ക്ക് ശേഷം മറ്റൊരു ക്രിക്കറ്റ് ഇതിഹാസം ബിസിസിഐ തലപ്പത്ത് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പക്ഷേ, സച്ചിന്റെ സ്ഥാപനമായ എസ്ആര്‍ടി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രസ്താവനയില്‍ ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി.
ബിസിസിഐ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28-ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് നടക്കുന്നത്. 2022-ല്‍ ചുമതലയേറ്റ റോജര്‍ ബിന്നിയുടെ കാലാവധി അവസാനിക്കുന്നതിനാല്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ്, ട്രഷറര്‍, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും.
52 കാരനായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് പ്രായപരിധി (70 വയസ്) കവിയാന്‍ ഇനി ഏറെ സമയം ബാക്കിയുണ്ട്. വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായും, 2015 മുതല്‍ 2019 വരെ ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 200 ടെസ്റ്റില്‍ 15,921 റണ്‍സും, 463 ഏകദിനങ്ങളില്‍ 18,426 റണ്‍സും, ആകെ 100 അന്താരാഷ്ട്ര സെഞ്ചുറികളുമാണ് സച്ചിന്റെ റെക്കോഡുകള്‍.
