കോഴിക്കോട്: മാധ്യമം, മംഗളം ഉൾപ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സമര സമിതി രൂപവത്കരിച്ചു.
എം.കെ രാഘവൻ എം.പി, സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, എച്ച്.എം.എസ് മുൻ അഖിലേന്ത്യ പ്രസിഡന്റും മുതിർന്ന നിയമജ്ഞനുമായ തമ്പാൻ തോമസ് എന്നിവർ രക്ഷാധികാരികളായ സമര സമിതിയിൽ സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ ഭാരവാഹികളായി പ്രവർത്തിക്കും.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ സമിതി ചെയർമാനായും, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനെ വർക്കിങ് ചെയർമാനായും, സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥിനെ ജനറൽ കൺവീനറായും, കേരള പത്രപ്രവർത്തക യൂണിയൻ ട്രഷറർ മധുസൂദനൻ കർത്തയെ ട്രഷററായും തെരഞ്ഞെടുത്തു.
കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനം.
ഫെബ്രുവരി 10ന് കോട്ടയത്ത് മംഗളം ഓഫീസിലേക്ക് ബഹുജന മാർച്ചും, 16ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ രാപ്പകൽ ഉപവാസ സമരവും സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു.
അഡ്വ. റഹ്മത്തുള്ള (എസ്.ടി.യു), പി.പി മുകുന്ദൻ (സിഐടിയു), പി.കെ നാസർ (എഐടിയുസി), സോണിയ ജോർജ് (സേവ), കെ. ചന്ദ്രശേഖരൻ (എൻ.എൽ.സി), ടോമി മാത്യു (എച്ച്.എം.എസ്), കവടിയാർ ധർമ്മൻ (കെ.ടി.യു.സി), കൃഷ്ണമ്മാൾ (എൻ.ടി.യു.ഐ), കെ.എസ് രാധാകൃഷ്ണൻ (എച്ച്.എം.കെ.പി), വി.വി രാജേന്ദ്രൻ (എഐസിടിയു) തുടങ്ങിയവർ വൈസ് ചെയർമാന്മാരും കൺവീനർമാരുമായി തിരഞ്ഞെടുക്കപ്പെട്ടു.
കൺവെൻഷൻ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ മുകുന്ദൻ അധ്യക്ഷത വഹിച്ചു. സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ് സമര പ്രഖ്യാപനം നടത്തി.
