കൊച്ചി: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കടുക്കുമ്പോൾ, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐയെയും ശക്തമായി പരിഹസിച്ചത്.
പിഎംശ്രീ വിഷയത്തിൽ സിപിഎം മുന്നണി മര്യാദകൾ ലംഘിച്ചിട്ടും സിപിഐക്ക് വ്യക്തമായ നിലപാട് എടുക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐയെ “Confused Party of India” എന്ന് വാര്യർ പരിഹസിച്ചു.
“ഗോവിന്ദന്‍ മാസ്റ്റര്‍ അപമാനിച്ചിട്ടും, മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടും സിപിഐ നേതൃത്വത്തിന് ഒരു നിലപാട് എടുക്കാൻ കഴിഞ്ഞില്ല. ബിനോയ് വിശ്വം ഗതികേടിലാണ്, MÁ ബേബി തടിതപ്പിയിരിക്കുകയാണ്” – ഫേസ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍ കുറിച്ചു.
കൂടാതെ, എന്‍ഇപിക്കെതിരായ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പോലും തള്ളിക്കളഞ്ഞുകൊണ്ട്, കാല്‍പ്പണത്തിനായി പിണറായി വിജയന്‍ മോദിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തന്‍റെ കുറിപ്പിന്റെ അവസാനത്തില്‍ സന്ദീപ് വാര്യര്‍ രൂക്ഷമായ ഭാഷയില്‍ പരാമര്‍ശിച്ചു:
“നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു.”
പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ ഒപ്പുവെപ്പ് എതിർത്ത സിപിഐയും പിന്തുണച്ച സിപിഎമ്മും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സംസ്ഥാന രാഷ്ട്രീയത്തില്‍ തുടർ ചർച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
FB post:
സിപിഐ കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയി. പിഎം ശ്രീ വിവാദത്തില്‍ സിപിഎം മുന്നണി മര്യാദകള്‍ ലംഘിച്ചിട്ടും ഏതു സിപിഐ എന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ അപമാനിച്ചിട്ടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ഇല്ലാതായിട്ടും എഐവൈഎഫ് തെരുവില്‍ സമരം തുടങ്ങിയിട്ടും സിപിഐ നേതൃത്വത്തിന് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്‌ക്കോട്ടെ എന്നു പറയേണ്ട ഗതികേടിലാണ് ബിനോയ് വിശ്വം. സിപിഎമ്മില്‍ അഖിലേന്ത്യാസെക്രട്ടറിക്ക് പോലും വിലയില്ലെന്ന് ഈ വിവാദം മനസ്സിലാക്കിത്തന്നു.
പ്രേമാ ഓടിക്കോ എനിക്കീ കരയിലെ വഴിയോന്നും അറിയില്ല എന്നുപറഞ്ഞ് ബേബി തടിതപ്പിയിരിക്കുന്നു. എന്‍ഇപിക്കെതിരായ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പോലും തള്ളിക്കളഞ്ഞുകൊണ്ട് കാല്‍പ്പണത്തിനുവേണ്ടി പിണറായി വിജയന്‍ മോദിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്. സഖാക്കളെ, നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു.
