സന്തോഷ് ട്രോഫി : പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് തകർപ്പൻ വിജയം. പഞ്ചാബിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഫൈനലിലേക്ക് കടന്നു. ദിസ്‌പൂരിൽ നടന്ന സെമിഫൈനലിലാണ് കേരളത്തിന്റെ ഈ മികവ്.

അർജുൻ എടുത്ത കോർണറിന് തലവെച്ച് അജ്‌സൽ നേടിയ ഗോളോടെയാണ് കേരളത്തിന്റെ ഗോൾ വേട്ട തുടങ്ങിയത്. പിന്നാലെ ബിബിൻ അജയന്റെ പാസ് വലയിലെത്തിച്ച് റിയാസ് പി.ടി ലീഡ് ഇരട്ടിയാക്കി. ഇടവേളയ്ക്ക് മുൻപ് വിഘ്നേഷ് കൂടി ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് കേരളം മുന്നിലെത്തി.

രണ്ടാം പകുതിയിലും ആക്രമണം തുടർന്ന കേരളത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ കുറവ് കാരണം ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. അവസാന പതിനഞ്ച് മിനിറ്റിൽ പഞ്ചാബ് താരം ചുവപ്പ് കാർഡ് കണ്ടത് കേരളത്തിന് കൂടുതൽ ആധിപത്യം സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ സജീഷിന്റെ പാസിൽ റിയാസ് നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

ഇതോടെ സന്തോഷ് ട്രോഫി ചരിത്രത്തിൽ കേരളത്തിന്റെ പതിനാറാം ഫൈനൽ പ്രവേശനമായി. ഫൈനലിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സർവീസസ് ഏക ഗോളിന് ജയിച്ചിരുന്നു.

malayalampulse

malayalampulse