യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രധാനമന്ത്രി മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി

ന്യൂഡൽഹി/കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി ഫോണിൽ ദീർഘമായി സംഭാഷണം നടത്തി. യുക്രെയ്‌നിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് മോദിയോട് വിശദീകരിച്ചുവെന്ന് സെലൻസ്കി എക്‌സിൽ അറിയിച്ചു.

സപ്പോറിജിയയിലെ ബസ് സ്റ്റേഷനിൽ നടന്ന റഷ്യൻ ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. “വെടിനിർത്തൽ സാധ്യത തെളിഞ്ഞ സമയത്താണ് റഷ്യ ആക്രമണം ശക്തമാക്കുന്നത്. അധിനിവേശവും കൊലപാതകവും തുടരുകയാണ് അവരുടെ ലക്ഷ്യം,” സെലൻസ്കി ആരോപിച്ചു.

റഷ്യൻ എണ്ണ ഇറക്കുമതി പരിമിതപ്പെടുത്തേണ്ട ആവശ്യം അദ്ദേഹം മോദിയോട് ഉന്നയിച്ചു. “യുദ്ധം തുടരാനുള്ള റഷ്യയുടെ സാമ്പത്തിക കഴിവ് കുറയ്ക്കാൻ ഊർജ്ജ കയറ്റുമതിയിൽ, പ്രത്യേകിച്ച് എണ്ണയിൽ, നിയന്ത്രണം അനിവാര്യമാണ്,” സെലൻസ്കി പറഞ്ഞു. റഷ്യക്കെതിരായ ഉപരോധങ്ങളും ഇരുവരും വിശദമായി ചര്‍ച്ച ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയ സെലൻസ്കി, “യുക്രെയ്‌നുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ യുക്രെയ്ൻ പങ്കാളിയാകേണ്ടത് നിർണായകം” എന്നും വ്യക്തമാക്കി.

സെപ്റ്റംബറിൽ യുഎൻ പൊതുസഭയ്ക്കിടെ മോദിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

malayalampulse

malayalampulse