സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സ്വർണം പൂശിയിട്ടുണ്ടോ എന്നറിയില്ലെന്നും, അത് പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ജയറാമിന്റെ വീട്ടിൽ കൊണ്ടുപോയിട്ടില്ലെന്നും പോറ്റി മാധ്യമങ്ങളോട് പറഞ്ഞു. “പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെ. അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ പോകാൻ ഞാൻ തയ്യാറാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ രവികുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. “ശബരിമലയിലെ ദ്വാരപാലക ശില്പത്തിൽ പൂശിയത് ചെമ്പല്ല, ഏഴ് പാളി സ്വർണമാണ്. അതിനെ ചെമ്പ് എന്ന് പറയുന്നത് അത്ഭുതകരമാണ്” എന്നും അദ്ദേഹം പറഞ്ഞു. സ്വർണം പൂശാനായി യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ ആവശ്യത്തിലധികം സ്വർണം നൽകിയിരുന്നുവെന്നും, അന്ന് അഴിച്ചിറക്കിയ മൂന്ന് താഴികക്കുടങ്ങളെ കുറിച്ച് പിന്നീട് വിവരമില്ലാതായെന്നും രവികുമാർ ആരോപിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം കൂടുതൽ രൂക്ഷമാകുന്നതിനിടെ, പുതിയ വെളിപ്പെടുത്തലുകളും മറുപടികളും കേസിന് കൂടുതൽ സങ്കീർണ്ണത സൃഷ്ടിക്കുന്ന സാഹചര്യമാണിപ്പോൾ.

malayalampulse

malayalampulse