ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30 നാണ് എസ്ഐടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണപ്പാളികൾ കവർന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എസ്ഐടി അന്വേഷണം തുടങ്ങിയിട്ട് അഞ്ചാം ദിവസമാണ് കേസിൽ നിർണായക നടപടി ഉണ്ടായത്.

ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ, എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക രേഖകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. കോടതിയിൽനിന്ന് പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ദേവസ്വം വിജിലൻസ് സംഘം നേരത്തെ രണ്ട് തവണയായി എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നെങ്കിലും, ഉണ്ണികൃഷ്ണൻ പോറ്റി കാര്യമായൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എം.ഡി.യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടുകേസുകളിലും ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കിയത്.

ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും, ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും രണ്ടു കേസുകളായി രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

malayalampulse

malayalampulse