കോഴിക്കോട്: പെരാമ്പ്രയിൽ നടന്ന പൊലീസ് മർദനത്തിൽ ഷാഫി പറമ്പിൽ എംപിക്ക് ഗുരുതര പരിക്കുകൾ. മെഡിക്കൽ ബുള്ളറ്റിനനുസരിച്ച്, മൂക്കിന്‍റെ ഇടത്, വലത് ഭാഗങ്ങളിലെ രണ്ട് അസ്ഥികൾക്കും പൊട്ടലുണ്ടായതായി കണ്ടെത്തി. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയതായും സിടി സ്കാൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ ഷാഫി പറമ്പിൽ എംപി ഐസിയുവിൽ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും, അദ്ദേഹം ആശുപത്രിയിൽ ഏതാനും ദിവസങ്ങൾ കൂടി നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഷാഫി പറമ്പിലിന് നേരെയുണ്ടായ പൊലീസിന്റെ മർദനത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കർക്ക് കൊടിക്കുന്നിൽ സുരേഷ് എംപി പരാതി നൽകി. പൊലീസിന്റെ അക്രമത്തിൽ അടിയന്തര നടപടി വേണമെന്നും, സംഭവം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി കോൺഗ്രസ് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. പല സ്ഥലങ്ങളിലും പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറി.
കാസർഗോഡ്: യുഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട്: ഐജി ഓഫീസിലേക്കും കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. “പിണറായിക്കും മരുമകനും മാപ്പില്ല” എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
ഫോർട്ട് കൊച്ചി: മുഖ്യമന്ത്രിക്കെതിരെ നടുറോഡിൽ കറുത്ത കൊടിയുമായി പ്രവർത്തകർ പ്രതിഷേധിച്ചു; പൊലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്ത് നീക്കിയത്.
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സുൽത്താൻ പേട്ട ജങ്ഷനിൽ നടന്ന റോഡ് ഉപരോധം പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
