ദുബൈ: നടിയും നർത്തകിയുമായ ഷംന കാസിംയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചർച്ചകൾക്ക് ഭർത്താവ് ഷാനിദ് തന്നെ മറുപടിയുമായി എത്തി. 45 ദിവസം ദമ്പതികൾ വേർപിരിഞ്ഞിരുന്ന കാരണമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ വിശദീകരിച്ചത്.
“എന്റെ ഭാര്യ ജയിലർ 2 സിനിമയുടെ ഷൂട്ടിംഗിനായി 20 ദിവസം ചെന്നൈയിലും, പിന്നെ 15 ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെ ആയതിനാൽ, ആകെ 45 ദിവസത്തെ അവധിയായിരുന്നു. ഞങ്ങൾ വിവാഹിതരായി 3 വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും നീണ്ട ദിവസങ്ങൾ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല” എന്ന് ഷാനിദ് പറഞ്ഞു.
താൻ പങ്കുവച്ച “45 ദിവസങ്ങൾ” എന്ന പോസ്റ്റാണ് തെറ്റായി പലരും വ്യാഖ്യാനിച്ചതെന്നും, സത്യാവസ്ഥ വ്യക്തമാക്കാനാണ് ഇപ്പോൾ വിശദീകരണമെന്നുമാണ് ഷാനിദ് വ്യക്തമാക്കിയത്.
ആദ്യ പോസ്റ്റിൽ അദ്ദേഹം എഴുതിയിരുന്നത്:
“ഈ 45 ദിവസങ്ങൾ എന്നെ പഠിപ്പിച്ചു – സ്നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാർത്ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവർ തന്നെയാണെന്ന്. ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം – എന്റെ ഭാര്യ – വീണ്ടും എന്റെ അരികിൽ.”
അല്ലാഹുവിന്റെ അനുഗ്രഹത്തോടെയുള്ള സന്തോഷജീവിതത്തിലാണ് താനും ഷംനയും മുന്നോട്ട് പോകുന്നതെന്നും ഷാനിദ് കൂട്ടിച്ചേർത്തു.
