അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന തരൂരിന്റെ പരാമർശമാണ് കോൺഗ്രസിന് അസ്വസ്ഥത സൃഷ്ടിച്ചത്.

എൽ.കെ. അദ്വാനിയുടെ 98-ാം പിറന്നാളിനോടനുബന്ധിച്ച് ശശി തരൂർ സോഷ്യൽ മീഡിയയിൽ നൽകിയ ആശംസയിലാണ് വിവാദ പ്രസ്താവന. ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്‌റുവിനെയും അടിയന്തരാവസ്ഥ മാത്രം നോക്കി ഇന്ദിരാഗാന്ധിയെയും വിലയിരുത്തരുത് എന്നപോലെ, അദ്വാനിയുടെ സംഭാവനകളും സമഗ്രമായി കാണണമെന്നും തരൂർ പറഞ്ഞിരുന്നു.

തരൂരിന്റെ ഈ നിലപാടിനെതിരെ പാർട്ടിക്കകത്ത് കടുത്ത വിമർശനമാണ് ഉയർന്നത്. “തരൂരിന്റെ പ്രസ്താവനയോട് പാർട്ടി വിയോജിക്കുന്നു. കോൺഗ്രസിന്റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് പ്രവർത്തക സമിതി അംഗമായ തരൂരിന്റെ ഉത്തരവാദിത്വമാണ്,” എന്ന് പാർട്ടി വക്താവ് പവൻ ഖേര പ്രസ്താവിച്ചു.

malayalampulse

malayalampulse