ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് വേണ്ടി രാഷ്ട്രപതി ഭവനിൽ ഇന്നലെ രാത്രി ഒരുക്കിയ അത്താഴ വിരുന്നിൽ കോൺഗ്രസ് എംപി ഡോ. ശശി തരൂർ പങ്കെടുത്തത് പാർട്ടിക്കുള്ളിൽ ഗുരുതര അസ്വസ്ഥത സൃഷ്ടിച്ചു. ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കോ മല്ലികാർജുൻ ഖാർഗെയ്ക്കോ ക്ഷണം ലഭിക്കാത്ത സാഹചര്യത്തിലാണ് തരൂരിന്റെ പങ്കാളിത്തം വിവാദമായത്.
റാഷ്ട്രപതി ഭവനിൽ രാഷ്ട്രത്തലവന്മാർക്ക് ഔപചാരിക അത്താഴ വിരുന്ന് നൽകുന്നത് ദീർഘകാല പാരമ്പര്യമാണെങ്കിലും, പ്രധാന പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയ നടപടി പ്രോട്ടോക്കോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.
പാർട്ടി വക്താവ് പവൻ ഖേര പ്രതികരിച്ചപ്പോൾ, “പ്രതിപക്ഷ നേതാക്കളെ എന്തിന് ക്ഷണിച്ചില്ലെന്ന് ഞങ്ങൾക്ക് വ്യക്തമല്ല. അതിന് മറുപടി പറയേണ്ടത് പരിപാടിയിൽ പങ്കെടുത്തവരാണ്,” എന്നായിരുന്നു നിലപാട്. “തന്നെ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നില്ല,” എന്നും ഖേര കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂർ കഴിഞ്ഞ ദിവസം തന്നെ “ക്ഷണം ലഭിച്ചാൽ പങ്കെടുക്കും” എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരെ എന്തുകൊണ്ട് ക്ഷണിച്ചില്ലെന്ന് തനിക്ക് അറിയില്ല എന്നും തരൂർ വ്യക്തമാക്കി.
തരൂരിന് പ്രത്യേക ക്ഷണം ലഭിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തതിൽ ഹൈക്കമാൻഡിന് ശക്തമായ അതൃപ്തിയാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ പാർട്ടിക്കുള്ളിൽ കൂടുതൽ ചര്‍ച്ചകൾ നടക്കാൻ സാധ്യതയുണ്ട്.
