വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ ശശി തരൂര്‍; മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ ഹൈക്കമാന്‍ഡ് സന്ദേശം

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വീണ്ടും കോണ്‍ഗ്രസ് വേദിയില്‍ എത്തിയിരിക്കുകയാണ് ശശി തരൂര്‍. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തകസമിതി അംഗമായ തരൂര്‍ മഹിളാ കോണ്‍ഗ്രസ് വേദിയില്‍ പങ്കെടുത്തത്. പിണറായി സര്‍ക്കാരിനെതിരായ സമരപ്രഖ്യാപനമായിരുന്നു പരിപാടി.

മുന്‍പ് കേന്ദ്ര സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂരിനെയും പ്രശംസിച്ചതിനെ തുടര്‍ന്ന് തരൂരും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നിരുന്നു. ചില നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ തരൂരിനെ ഒഴിവാക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ തരൂരിന്റെ സാന്നിധ്യം വീണ്ടും സാധ്യമായി.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനൊപ്പം വേദി പങ്കിട്ടു. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കുറ്റപത്ര സമര്‍പ്പണത്തില്‍ തരൂര്‍ മുഖ്യാതിഥിയായി മാറി. സെക്രട്ടറിയേറ്റിന് മുന്നിലായിരുന്നു പരിപാടി.

കേരള രാഷ്ട്രീയത്തില്‍ തരൂരിന്റെ പ്രസക്തി തിരിച്ചറിഞ്ഞാണ് ഹൈക്കമാന്‍ഡ് ഈ നീക്കം നടത്തിയത്. ദീപാദാസ് മുന്‍ഷി നേരിട്ട് വിളിച്ച് ക്ഷണിച്ചതോടെയാണ് തരൂര്‍ ഡല്‍ഹി യാത്ര മാറ്റിവെച്ച് ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിയുടെ ഫ്‌ളക്‌സിലുപോലും തരൂരിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

മുന്‍പ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ പോലും തരൂരിനെ ഒഴിവാക്കിയിരുന്നെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ ഒരുമിപ്പിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടിന്റെ ഭാഗമായാണ് ഇക്കുറി തരൂരിന് അവസരം നല്‍കിയത്. എന്‍എസ്എസിനോട് അടുപ്പമുള്ള തരൂരിനെ സജീവമായി നിലനിര്‍ത്തുന്നത് കോണ്‍ഗ്രസ് തന്ത്രത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.

malayalampulse

malayalampulse