കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിന് കേസ് എടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതി വിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാലാണ് കേസ് എടുത്തതെന്നും അധികൃതർ വ്യക്തമാക്കി.
പാർഥസാരഥി ക്ഷേത്രത്തിൽ പൂക്കളവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിന്നിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇട്ട പൂക്കളത്തിന് മുന്നിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ബിജെപി അനുഭാവികൾ പൂക്കളമിടുകയായിരുന്നു. ക്ഷേത്രമുറ്റത്ത് കമ്മിറ്റി മാത്രമാണ് പൂക്കളം ഇടുന്നത്, മറ്റുള്ളവരുടെ പൂക്കളം അനുവദിക്കാനാവില്ലെന്നും കമ്മിറ്റി നിലപാട് എടുത്തിരുന്നു.
ഇതിനിടെ, ബിജെപി അനുഭാവികൾ വഴങ്ങാതിരുന്നതോടെ പൊലീസ് ഇടപെടുകയും പൂക്കളം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രതിഷേധം തുടർന്നതോടെ 25ഓളം പേർക്ക് എതിരെ കലാപഹ്വാനത്തിന് കേസെടുത്തു.
പൂക്കളത്തിനെതിരെ കേസ് എടുത്തുവെന്ന വ്യാജപ്രചാരണം പൊലീസ് തള്ളി. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.
