തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.
എസ്‌ഐആര്‍ (Special Intensive Revision) സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സര്‍വകക്ഷിയോഗത്തിന് ശേഷമായിരിക്കും സര്‍ക്കാരിന്റെ തീരുമാനം.
കേരളത്തില്‍ ബിജെപി-എന്‍ഡിഎ കക്ഷികള്‍ ഒഴികെയുള്ള പാര്‍ട്ടികള്‍ എസ്‌ഐആറിനെതിരെ നിലപാട് എടുത്തിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ എസ്‌ഐആര്‍ നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം, സിപിഐ, കോണ്‍ഗ്രസ് തുടങ്ങി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരേ നിലപാടിലാണ്.
മഹാരാഷ്ട്രയിലെ പോലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീവ്ര വോട്ടര്‍ പട്ടിക പരിശോധന ഒഴിവാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുക സര്‍വകക്ഷിയോഗത്തിലെ അഭിപ്രായം അനുസരിച്ചായിരിക്കും.
കേരളത്തില്‍ ഇന്നലെ മുതല്‍ എസ്‌ഐആര്‍ നടപടികള്‍ ആരംഭിച്ചു. ബിഎല്‍ഒമാര്‍ വീടുകള്‍ സന്ദര്‍ശനം തുടങ്ങിയിട്ടുണ്ട്. പട്ടികയിലുള്ളവരുടെ പേരുകള്‍ ഉറപ്പുവരുത്താനുള്ള നടപടികളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. പേര് സ്ഥിരീകരിച്ചതിന് ശേഷം ഫോമുകള്‍ കൈമാറും. നടപടികള്‍ ഏകദേശം ഒരു മാസം നീളും.
പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിലും കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തും. ഡിസംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പുറത്തിറക്കുക. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പിലാക്കുന്നത്.
