ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ (Special Intensive Revision) കരട് വോട്ടർപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വ്യക്തമായ നിര്‍ദേശം നല്‍കി.
കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് അവരുടെ നില വ്യക്തമാക്കാനും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും അവസരം ലഭിക്കും.
നേരത്തെ കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഏകദേശം 24 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. സംസ്ഥാനത്ത് ആകെ 2.71 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്.
എസ്‌ഐആറില്‍ പേരുവിവരങ്ങളും രേഖകളും ചേര്‍ക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. രേഖകള്‍ എങ്ങനെ സമര്‍പ്പിക്കണം എന്നതിലെ ആശയക്കുഴപ്പം, മാതാപിതാക്കളുടെ പേരുകളിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ്, കരട് പട്ടികയില്‍ നിന്ന് പുറത്തായ 24 ലക്ഷം പേര്‍ക്ക് വീണ്ടും പട്ടികയില്‍ ഇടം നേടാനുള്ള അവസരം നല്‍കിക്കൊണ്ട് സുപ്രിംകോടതി സമയം നീട്ടിനല്‍കിയിരിക്കുന്നത്.
