സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍: വോട്ടര്‍ പട്ടിക തിടുക്കപ്പെട്ട പുനഃപരിശോധനക്കെതിരെ കേരള നിയമസഭ ഏകകണ്ഠേന പ്രമേയം

തിരുവനന്തപുരം: വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയക്കെതിരെ സംസ്ഥാന നിയമസഭയില്‍ ഏകകണ്ഠേന പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു.

വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ (NRC) വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്കയാണ് സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. ബീഹാറില്‍ നടന്ന SIR പ്രക്രിയ ഇതിനുദാഹരണമാണെന്നും, അവിടെ യുക്തിരഹിതമായ ഒഴിവാക്കലുകള്‍ നടന്നതായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ബീഹാറിലെ SIR ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് സമാന നടപടികള്‍ നടപ്പാക്കുന്നതിനെ നിരപരാധിയായിട്ട് കാണാനാകില്ലെന്നും പ്രമേയം വ്യക്തമാക്കി.

2002-ലാണ് അവസാനമായി കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോഴത്തെ നടപടികള്‍ 2002-ലെ അടിസ്ഥാനമാക്കിയാണെന്നത് അശാസ്ത്രീയമാണെന്നും സഭ ചൂണ്ടിക്കാട്ടി.

1987-ന് ശേഷം ജനിച്ചവര്‍ വോട്ടര്‍ ആകാന്‍ മാതാപിതാക്കളുടെ പൗരത്വരേഖകള്‍ നിര്‍ബന്ധമാക്കുന്നതും, 2003-ന് ശേഷം ജനിച്ചവര്‍ക്ക് ഇരുവരുടെയും പൗരത്വ രേഖകള്‍ സമര്‍പ്പിക്കേണ്ടതുമെന്ന നിബന്ധനകള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്‍റെ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കി.

ഇത്തരം നടപടികള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളായ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി–പട്ടികവര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, ദരിദ്ര കുടുംബങ്ങള്‍ എന്നിവരെ വോട്ടവകാശത്തില്‍നിന്ന് പുറത്താക്കാനാണ് കാരണമാകുക എന്ന മുന്നറിയിപ്പും സഭ നല്‍കി. പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു.

പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം (CAA) പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി SIR ദുരുപയോഗത്തിന് വിധേയമാകുമെന്നത് ജനാധിപത്യത്തിന്‍റെ മുന്നിലെ വലിയ വെല്ലുവിളിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ മൗലികാവകാശം ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്തിരിയണമെന്നും, സുതാര്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കണമെന്ന് സഭ ഏകകണ്ഠേന ആവശ്യപ്പെട്ടു.

malayalampulse

malayalampulse