കൂത്താട്ടുകുളം: കുടുംബത്തിലെ തർക്കവും മുത്തശ്ശിയുടെ കടുംപിടിത്തവും കാരണം വീട്ടിൽനിന്ന് പുറത്തായ ആറാം ക്ലാസുകാരൻ ദിവസങ്ങൾ തുടർച്ചയായി കാടുപിടിച്ച സ്ഥലത്തെ തകർന്ന ഷെഡ്ഡിൽ ആണ് അമ്മയോടൊപ്പം കഴിയേണ്ടിവന്നത്. സ്കൂളിലെ കൗൺസലിംഗിനിടെ സംഭവം പുറത്തുവന്നതോടെ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ഇടപെട്ടു. ഒടുവിൽ കുട്ടിയെ വീണ്ടും വീട്ടിൽ പ്രവേശിപ്പിച്ചു.
തിരുമാറാടി പഞ്ചായത്തിലെ പൊതുവിദ്യാലയത്തിലെ ആറാം ക്ലാസിൽ ജ്യൂസ് കുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിവായത്. കുട്ടി ദിവസവും ക്ലാസിലേക്ക് ജ്യൂസ് മാത്രമേ കൊണ്ടുവന്നിരുന്നുള്ളൂ. വീട്ടിൽ ഭക്ഷണം ഒന്നും ലഭിക്കാത്തതിനാൽ അമ്മ ദിവസേന നൽകുന്ന 20 രൂപയിൽ ജ്യൂസ് വാങ്ങി കുടിക്കുകയാണ് എന്നും കുട്ടി പറഞ്ഞു.
സ്കൂളധികൃതർ വിശദമായി അന്വേഷിച്ചപ്പോൾ അമ്മയും അച്ഛനും തമ്മിൽ തർക്കമുണ്ടെന്നും, അച്ഛന്റെ അമ്മയായ മുത്തശ്ശി കുട്ടിയെ വീട്ടിൽ കയറ്റാൻ നാളുകളായി അനുവദിക്കുന്നില്ല എന്നും വ്യക്തമായി. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കുട്ടിക്ക് കൊടുക്കാൻ പോലും മുത്തശ്ശി സമ്മതിക്കുന്നില്ലെന്നും അമ്മ പറഞ്ഞു.
സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ സ്കൂളധികൃതർ കൂത്താട്ടുകുളം പോലീസിനും ചൈൽഡ് ലൈനിനും വിവരം നൽകിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും സ്കൂളിലും കുട്ടിയുടെ വീട്ടിലുമെത്തി.
കുട്ടിയെയും അമ്മയെയും വീട്ടിൽ കയറ്റണമെന്നും, അവർ താമസിച്ചിരുന്ന തകർന്ന ഷെഡ്ഡ് പൊളിച്ച് നീക്കണമെന്നും പോലിസ് നിർദേശിച്ചതോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി.
