കൊച്ചി: ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായാണ് കോടതി തീരുമാനം അറിയിച്ചത്. 20 കോടി രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിച്ചതെന്നും, സെന്‍സര്‍ ബോര്‍ഡ് എടുത്ത നിലപാട് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അണിയറപ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചു. ചൊവ്വാഴ്ചയാണ് സിനിമ എപ്പോള്‍, എവിടെ വച്ച് കാണണമെന്നതില്‍ ഹൈക്കോടതി തീരുമാനം എടുക്കുക.

സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് ബോര്‍ഡിന്റെ തീരുമാനം. സിനിമയില്‍ 19 കട്ടുകള്‍ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

വീരയാണ് ‘ഹാല്‍’ സംവിധാനം ചെയ്യുന്നത്. സാക്ഷി വൈദ്യ നായികയായി എത്തുന്നു. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍. നിഷാദ് കോയയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് നന്ദഗോപന്‍ വി ആണ്.

പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്‌ലാം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നുവെന്നതാണ് *‘ഹാല്‍’*ന്റെ പ്രത്യേകത. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഒരേസമയം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ചിത്രം.

malayalampulse

malayalampulse