തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ മുന്നണിയിൽ ചർച്ച ചെയ്യാതെ ഒപ്പുവെച്ചത് ശരിയായില്ലെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി വ്യക്തമാക്കി. മുന്നണിയിൽ ചർച്ച ചെയ്യുന്നതിന് മുൻപ് ഒപ്പിടേണ്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും വ്യക്തത വരുത്തുന്ന രീതിയിലാകണമായിരുന്നു നീക്കം. പദ്ധതിയെക്കുറിച്ച് വ്യക്തത വരുത്തുകയാണ് മന്ത്രിസഭ ഉപസമിതിയുടെ ലക്ഷ്യം. അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചതെന്നും എം. എ. ബേബി കൂട്ടിച്ചേർത്തു.
സിപിഐയും സിപിഐഎമ്മും ചേർന്ന് എല്ലാവരും ആഗ്രഹിച്ച തീരുമാനമാണ് എടുത്തതെന്ന് ബേബി വ്യക്തമാക്കി. സിപിഐ എതിർപ്പ് അറിയിച്ചതിൽ ‘പോസ്റ്റ്‌മോർട്ടം’ നടത്തേണ്ട കാര്യമില്ലെന്നും, മന്ത്രിസഭ ഉപസമിതിയാണ് വിഷയം പരിശോധിക്കുന്നതെന്നും, അതിനാൽ മറ്റ് അന്വേഷണങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ സിപിഐ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സിപിഐയും സിപിഐഎമ്മും തമ്മിൽ പരസ്യ വിമർശനം വരെ നടന്നിരുന്നു. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്.
എം. എ. ബേബിയും മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയിലാണ് സമവായം ഉണ്ടായത്. തുടർന്ന് പി എം ശ്രീ കരാറിലെ ധാരണാപത്രം താൽക്കാലികമായി മരവിപ്പിക്കണമെന്നും പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കണമെന്നുമാണ് തീരുമാനമായത്.
ഉപസമിതി എം.ഒ.യു പരിശോധിക്കുകയും വിവാദ വ്യവസ്ഥകൾ വിശദമായി പഠിക്കുകയും ചെയ്യുമെന്നാണ് വിവരം.
