തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങൾക്ക് KL-90 സീരീസിൽ രജിസ്റ്റർ നമ്പർ നൽകുന്നതിന് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. KL-90 സീരീസ് പൂർത്തിയാകുമ്പോൾ KL-90D സീരീസിലും രജിസ്ട്രേഷൻ നടത്തും.
മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, പ്രോട്ടോക്കോൾ വാഹനങ്ങൾ തുടങ്ങിയവയ്ക്കായി ചില പ്രത്യേക നമ്പറുകൾ മാറ്റിവെക്കാനാണ് തീരുമാനം.
കേന്ദ്ര സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും KL-90A സീരീസും, അത് പൂർത്തിയായാൽ KL-90E സീരീസും അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് KL-90B, തുടർന്ന് KL-90F സീരീസ് നൽകും.
അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സർവകലാശാലകൾ തുടങ്ങിയവയ്ക്ക് KL-90C, തുടർന്ന് KL-90G സീരീസുകൾ നൽകും.
KSRTC ബസുകൾക്കുള്ള KL-15 സീരീസ് മാറ്റമില്ലാതെ തുടരും. മോട്ടോർ വാഹന വകുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണു ഈ മാറ്റം നടപ്പിലാക്കുന്നത്.
പുതിയ നിബന്ധനപ്രകാരം, സർക്കാർ വകയിലുള്ള വാഹനങ്ങൾ പിന്നീട് സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കുമ്പോൾ നിർബന്ധമായും രജിസ്ട്രേഷൻ മാറ്റം നടത്തേണ്ടതായിരിക്കും.
