ബെംഗളൂരു: 34കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ 18കാരൻ പിടിയിൽ. ആക്സെഞ്ചറിൽ ജോലി ചെയ്തിരുന്ന ഷർമിള ഡികെയെ ജനുവരി 3നാണ് രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യം തീപിടുത്തത്തെ തുടർന്നുണ്ടായ ശ്വാസംമുട്ടലാണ് മരണകാരണമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ കർണാൽ കുറൈ എന്ന 18കാരനിലേക്ക് പൊലീസ് എത്തിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജനുവരി 3ന് സ്ലൈഡിങ് വിൻഡോയിലൂടെ വീട്ടിൽ കയറിയ പ്രതി ഷർമിളയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്നും, അതിനെ എതിർത്തപ്പോൾ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി കൊലപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. തെളിവുകൾ നശിപ്പിക്കുന്നതിനായി കിടപ്പുമുറിയിലെ മെത്തയിൽ വസ്ത്രങ്ങൾ കൂട്ടിവച്ച് തീ കൊളുത്തിയ ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടുന്നതിനിടെ ഷർമിളയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
