തിരുവനന്തപുരം: ന്യൂയോര്‍ക്ക് ഗവണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് പ്രചോദനമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
“ഒരു ചെറുപ്പക്കാരന്‍ അല്ലെങ്കില്‍ ഒരു ചെറുപ്പക്കാരിയാണ് ന്യൂയോര്‍ക്കിന്റെ മേയര്‍ ആകാന്‍ പോകുന്നത്” എന്ന് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് മംദാനി എക്സില്‍ കുറിച്ചിരുന്നു. അന്ന് മുതല്‍ തന്നെ അദ്ദേഹം ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമം ആരംഭിച്ചതായും ഗോവിന്ദന്‍ വിശദീകരിച്ചു.
ആര്യാ രാജേന്ദ്രന്റെ തെരഞ്ഞെടുപ്പാണ് മംദാനിക്ക് ആവേശകരമായ പ്രചോദനമായതെന്നും, ലോകമെമ്പാടും ഒരു ഇടതുപക്ഷധാര ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജെഎന്‍യു സര്‍വകലാശാലാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയം ഈ പ്രവണതയുടെ തെളിവാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. “ട്രംപിനെപ്പോലുള്ളവര്‍ എന്തെല്ലാം ശ്രമം നടത്തിയാലും ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സോഷ്യലിസത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്,” ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ബിഹാര്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോഴേക്കും ഈ ഇടതുപക്ഷ ആഭിമുഖ്യം കൂടുതല്‍ ശക്തമാവുമെന്നും അദ്ദേഹം പ്രവചിച്ചു.
