ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി കടുത്തുകൊണ്ടിരിക്കെ യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ ചേർക്കുന്നതായി അറിയിച്ചു. ഡിസംബർ 6 മുതൽ 10 വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ-ടയർ കോച്ച് വീതമാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. വിമാനങ്ങൾ വ്യാപകമായി റദ്ദാക്കപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന കുഴപ്പങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം.
അധിക കോച്ച് ചേർത്തിട്ടുള്ള ട്രെയിനുകൾ
ട്രെയിൻ 20482 — തിരുച്ചിറപ്പള്ളി–ജോധ്പൂർ ഹംസഫർ എക്‌സ്‌പ്രസ് (ഡിസംബർ 6)
ട്രെയിൻ 20481 — ജോധ്പൂർ–തിരുച്ചിറപ്പള്ളി ഹംസഫർ എക്‌സ്‌പ്രസ് (ഡിസംബർ 10)
ട്രെയിൻ 12695 — ഡോ. എംജിആർ ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (ഡിസംബർ 6)
ട്രെയിൻ 12696 — തിരുവനന്തപുരം സെൻട്രൽ–ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (ഡിസംബർ 10)
ട്രെയിൻ 12601 — ഡോ. എംജിആർ ചെന്നൈ സെൻട്രൽ–മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് (ഡിസംബർ 6)
ട്രെയിൻ 22158 — ചെന്നൈ ബീച്ച്–മുംബൈ സിഎസ്‌ടി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ഡിസംബർ 6)
ട്രെയിൻ 22157 — മുംബൈ സിഎസ്‌ടി–ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ഡിസംബർ 7)
ഇൻഡിഗോ പ്രതിസന്ധി രൂക്ഷം
പൈലറ്റുമാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി ജനം അനുഭവിക്കുന്നു. യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തുകയും പല വിമാനത്താവളങ്ങളിലും അനിയന്ത്രിത അവസ്ഥ രൂപപ്പെട്ടും.
പ്രതിസന്ധിക്കിടെ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് മാപ്പ് പറഞ്ഞ് രംഗത്തെത്തി. പ്രശ്നപരിഹാരത്തിനായി തത്സമയം നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ശനിയാഴ്ച മുതൽ സാധാരണ സേവനം പുനഃസ്ഥാപിക്കാനായി ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാർക്ക് നിർദേശങ്ങൾ നൽകുമെന്നും ഡിസംബർ 10–15 നുള്ളിൽ കാര്യങ്ങൾ സാധാരണ നിലയിലാകും എന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഡിജിസിഎയുടെ നിലപാട്
ഡിജിസിഎയുടെ ഉത്തരവ് പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ലെന്നും ചില വ്യവസ്ഥകൾ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നതെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച കേസുകളിൽ ഭാഗിക ഇളവ് രാത്രി ഡ്യൂട്ടി, രാത്രി ലാൻഡിംഗ് എന്നിവയിൽ ഇൻഡിഗോയ്ക്ക് മാത്രം ഫെബ്രുവരി 10 വരെ പ്രത്യേക ഇളവ്
പ്രശ്നത്തെക്കുറിച്ച് കേന്ദ്രത്തിന്റെ ഉന്നതതല അന്വേഷണ സമിതി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
