തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സെപ്റ്റംബർ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കും.
താലൂക്ക്, താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
ഏപ്രിൽ മുതൽ മിക്ക ആശുപത്രികളിലും ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമായിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയിന്റ്‌മെന്റ് എടുക്കാൻ ക്യുആർ കോഡ് സ്കാൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇ-ഹെൽത്ത് സംവിധാനത്തിലൂടെ രജിസ്‌ട്രേഷൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ കൂടുതലും മുതിർന്ന പൗരന്മാരാണ്.
അതിനാലാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടറുകൾ ഒരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
