ന്യൂഡല്‍ഹി ∶ സര്‍വശിക്ഷ അഭിയാനിന് (SSA) കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ആദ്യഗഡു ഫണ്ട് കേരളത്തിന് ലഭിച്ചു. 92.41 കോടി രൂപയാണ് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത്. 109 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍, അതില്‍നിന്ന് 17 കോടി രൂപയാണ് ഇനി ലഭിക്കാനുള്ളത്.
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഈ ഫണ്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ട് കോടതിയെ അറിയിച്ചു — വിഷയത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഫണ്ട് അനുവദിച്ചതായി.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചതാണ് നിയമനത്തില്‍ വൈകിയതെന്ന് കേരളം നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഫണ്ട് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.
പിഎം ശ്രീ പദ്ധതി കരാര്‍ മരവിപ്പിച്ചതിനുശേഷം എസ്എസ്എ ഫണ്ട് ലഭിക്കുമോ എന്ന ആശങ്കകള്‍ നിലനിന്നിരുന്നതിനിടെയാണ് ഈ ഗഡു ലഭിച്ചത്. സുപ്രീംകോടതി നിയമന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാനത്തോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
🟠 റിപ്പോര്‍ട്ട്: സമകാലിക മലയാളം ഡെസ്‌ക് | 04 നവംബര്‍ 2025, 4:47 pm
