പത്തനംതിട്ട ∙ സ്റ്റാമ്പ് ശേഖരണത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി തപാൽവകുപ്പ് പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചു. “ദയാൽ സ്പർശം” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 40 വിദ്യാർത്ഥികൾക്ക് 6,000 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും.
ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഫിലാറ്റലി ക്ലബ് അംഗങ്ങളായിരിക്കണം, അല്ലെങ്കിൽ പോസ്റ്റ് ഓഫീസിൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. അവസാന പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് വേണമെന്നതാണ് പ്രധാന നിബന്ധന.
തിരഞ്ഞെടുപ്പ് പ്രക്രിയ
ആദ്യം ക്വിസ് മത്സരം വിജയിക്കുന്നവർക്ക് ഫിലാറ്റലി പ്രോജക്റ്റ് തയ്യാറാക്കണം ഒരു പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട സ്റ്റാമ്പുകൾ സമാഹരിച്ച് അവതരിക്കുന്നതാണ് പ്രോജക്റ്റ് മികച്ചവരെ തെരഞ്ഞെടുത്ത് സ്‌കോളർഷിപ്പ് നൽകും
മുമ്പും പദ്ധതി ഉണ്ടായിരുന്നെങ്കിലും ആവശ്യമായ പ്രചാരണം ലഭിച്ചിരുന്നില്ല. ഇത്തവണ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. വിവിധ സ്കൂളുകളിൽ ഫിലാറ്റലി ക്ലബുകൾ രൂപവത്കരിച്ചിട്ടുണ്ടെന്നും, പോസ്റ്റ് ഓഫീസുകളിൽ 200 രൂപ മുതൽ ഫിലാറ്റലിക് ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാമെന്നും അധികൃതർ അറിയിച്ചു. തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്കാണ് സ്‌കോളർഷിപ്പ് തുക നേരിട്ട് നിക്ഷേപിക്കുക.
