തൃശൂർ : 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരവും, ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഷംല ഹംസയ്ക്ക് മികച്ച നടിയായുള്ള പുരസ്‌കാരവും ലഭിച്ചു.
മികച്ച സംവിധായകനായി മഞ്ഞുമ്മല്‍ ബോയിസ്ന്റെ സംവിധായകൻ ചിദംബരമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
അന്തിമ വിധിനിർണയ സമിതിക്ക് നടനും സംവിധായകനുമായ പ്രകാശ് രാജാണ് ചെയർമാൻ. രചനാവിഭാഗം ചെയർമാനായി മധു ഇറവങ്കരയും, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയും, ദിവ്യ ഐയ്യർ ഐഎഎസും, സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, പിന്നണി ഗായിക ഗായത്രി അശോകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സൗണ്ട് ഡിസൈനർ നിതിന്‍ ലൂക്കോസ്, എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ സമിതിയംഗങ്ങളായിരുന്നു.
ഈ വർഷം 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ ശുപാർശയെ തുടർന്ന് 38 സിനിമകളാണ് അന്തിമ വിധിനിർണയ സമിതി പരിശോധിച്ചത്.
