തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ ഔദ്യോഗിക തുടക്കം. 18 വരെ അഞ്ച് ദിവസങ്ങളിലായി 25 വേദികളിൽ നടക്കുന്ന കലാമത്സരങ്ങളിൽ 15,000ത്തിലധികം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും. നാളെ രാവിലെ 10ന് പാറമേക്കാവിന് എതിർവശത്തെ എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.
തൃശൂരിന്റെ പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും കുടമാറ്റവും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും. 64-ാം കലോത്സവത്തെ പ്രതിനിധീകരിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും.
പൂക്കളുടെ പേരിട്ട 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ബി.കെ. ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലം വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് തീം സോങ് തയ്യാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ. രാജൻ എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.
🎭 വേദികളും സജ്ജീകരണങ്ങളും
വേദികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ശബ്ദ–വെളിച്ച സംവിധാനങ്ങൾ, കർട്ടനുകൾ എന്നിവയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഇന്ന് രാവിലെ തന്നെ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കും.
ഒന്നാം വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം കണക്കിലെടുത്ത് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. 8000 പേർക്ക് ഇരിപ്പിടമുണ്ട്. തേക്കിൻകാട് മൈതാനത്ത് സിഎംഎസ് സ്കൂളിന് എതിർവശത്തെ രണ്ടാം വേദിയായ പാരിജാതത്തിൽ 3000 പേർക്കും, ബാനർജി ക്ലബ്ബിന് എതിർവശത്തെ മൂന്നാം വേദിയായ നീലക്കുറിഞ്ഞിയിൽ 2000 പേർക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.
10,000 മുതൽ ഒരു ലക്ഷം വാട്ട് വരെ ശേഷിയുള്ള ശബ്ദ സംവിധാനങ്ങളും അത്യാധുനിക ലൈറ്റ് സംവിധാനങ്ങളും വേദികളിൽ ഒരുക്കിയിട്ടുണ്ട്. ആദ്യ മൂന്ന് വേദികളിൽ എൽഇഡി വോളുകളും സജ്ജമാക്കിയിട്ടുണ്ട്.
🍛 ഭക്ഷണപ്പുര സജീവം
സംസ്ഥാന സ്കൂൾ കലോത്സവത്തിനോടനുബന്ധിച്ച് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഭക്ഷണപ്പുര സജീവമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കലവറ നിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നാല് നേരമായി ഏകദേശം 60,000 പേർക്ക് ഭക്ഷണം നൽകേണ്ടി വരുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികളിൽ നിന്ന് ശേഖരിച്ച തേങ്ങയടക്കം വിവിധ പച്ചക്കറികൾ ഒരു ദിവസത്തെ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കും. തൃശൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ഭക്ഷണ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഭക്ഷണപ്പന്തലിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരി തിരിതെളിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, റവന്യൂ-ഭവന നിർമാണ മന്ത്രി കെ. രാജൻ, എംഎൽഎമാരായ പി. ബാലചന്ദ്രൻ, എൻ.കെ. അക്ബർ, എ.സി. മൊയ്തീൻ, സനീഷ് കുമാർ ജോസഫ്, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
