‘സുകുമാരൻ നായർ കട്ടപ്പ’; പത്തനംതിട്ടയിൽ എൻഎസ്എസ് നേതാവിനെതിരെ പ്രതിഷേധ ബാനർ

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ വിമർശിച്ച് പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധ ബാനർ. “സുകുമാരൻ നായർ കട്ടപ്പ” എന്നാണ് ബാനറിലെ പരിഹാസം. അയ്യപ്പഭക്തരെ കുടുംബ കാര്യത്തിനുവേണ്ടി പിന്നിൽ നിന്നു കുത്തിയവനാണെന്ന് ആരോപണമുയർത്തി. സമുദായത്തിന് നാണക്കേടാണെന്നും ബാനറിൽ എഴുതിയിട്ടുണ്ട്.

ഇന്നലെ സുകുമാരൻ നായർ പിണറായിയേയും സർക്കാരിനേയും അനുകൂലിച്ച് നടത്തിയ പരാമർശങ്ങളാണ് പ്രതിഷേധത്തിന് പശ്ചാത്തലമായത്. സർക്കാരിനെ വിശ്വസിക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം, “വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹം” എന്നും പറഞ്ഞു. സർക്കാരിന് വേണമെങ്കിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാമായിരുന്നുവെങ്കിലും അത് നടന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസിനെയും ബിജെപിയെയും ലക്ഷ്യംവെച്ച് സുകുമാരൻ നായർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. “കോൺഗ്രസിന്‍റെത് കള്ളക്കളി. വിശ്വാസ വിഷയത്തിൽ ഉറച്ച നിലപാട് ഇല്ല. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ല. ബിജെപി ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സർക്കാർ വിശ്വാസികൾക്കായി നിയമം കൊണ്ടുവരുമെന്ന ഉറപ്പ് പാലിച്ചില്ല” – സുകുമാരൻ നായർ ആരോപിച്ചു.

എൻഎസ്എസിന്റെ നിലപാട് മാറ്റം കോൺഗ്രസിനെ രാഷ്ട്രീയമായി ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതോടെ എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം രംഗത്ത്. എൻഎസ്എസുമായി ചർച്ച നടത്തി വിശ്വാസ പ്രശ്നത്തിൽ ഉറച്ച നിലപാട് തന്നെയാണ് എടുത്തതെന്ന് ഓർമ്മിപ്പിക്കാനാണ് കെപിസിസി ശ്രമം. സിപിഎമ്മിന്‍റെ “ഒളിച്ചുകളി” തുടരെയായിരിക്കും കോൺഗ്രസിന്‍റെ പ്രചാരണമെന്നാണ് പാർട്ടി വൃത്തങ്ങളുടെ നിലപാട്.

malayalampulse

malayalampulse