‘സുനിൽ ഷെട്ടി ആണുങ്ങളെ പോലെയാണ് സംസാരിക്കുക’; മിമിക്രി താരത്തോട് രോഷാകുലനായി താരം

സോഷ്യൽ മീഡിയയിൽ നടൻ സുനിൽ ഷെട്ടിയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ശബ്ദം അനുകരിച്ച മിമിക്രി കലാകാരനോട് നേരിട്ട് സ്റ്റേജിൽ വെച്ച് സുനിൽ ഷെട്ടി ദേഷ്യം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

ഒരു പരിപാടിക്കിടെയാണ് സംഭവം നടന്നത്. മിമിക്രി താരം സുനിൽ ഷെട്ടിയുടെ ശബ്ദം അനുകരിച്ചതോടെ, സ്റ്റേജിലെത്തിയ താരം മൈക്ക് പിടിച്ച് തുറന്നടിക്കുകയായിരുന്നു.

“ഇത്ര വിലകുറഞ്ഞ മിമിക്രി ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ ശബ്ദവുമായി സാമ്യമില്ലാതെ, കുട്ടിയെ പോലെ ഡയലോഗുകൾ പറയുകയാണിവൻ. സുനിൽ ഷെട്ടി സംസാരിക്കുമ്പോൾ ആണുങ്ങളെ പോലെ സംസാരിക്കും. മിമിക്രി ചെയ്യുമ്പോൾ ശരിയായി ചെയ്യണം, അല്ലാതെ ‘ബാഡ് ഇംപ്രഷൻ’ ഉണ്ടാക്കരുത്” – സുനിൽ ഷെട്ടി പറഞ്ഞു.

തുടർന്ന് മിമിക്രി കലാകാരൻ “സോറി സർ, ഞാൻ നിങ്ങളെ അനുകരിക്കാൻ ശ്രമിച്ചിരുന്നില്ല” എന്ന് പറഞ്ഞെങ്കിലും, സുനിൽ ഷെട്ടി കൂടുതൽ രൂക്ഷമായി പ്രതികരിച്ചു.

“ശ്രമിക്കരുത് മോനേ. സുനിൽ ഷെട്ടിയാകാൻ നിനക്ക് വളരെ ദൂരം പോകേണ്ടതുണ്ട്. മുടി പിന്നിൽ കെട്ടിയാൽ മാത്രം കാര്യമില്ല. എനിക്ക് തോന്നുന്നത്, നീ എന്റെ ആക്ഷൻ സിനിമകളൊന്നും കണ്ടിട്ടില്ല” – താരം മറുപടി നൽകി.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾക്കാണ് വഴിവച്ചത്.

“നല്ല രീതിയിൽ പ്രശസ്തനാകാൻ വർഷങ്ങളെടുക്കും, എന്നാൽ അത് നശിപ്പിക്കാൻ ചില നിമിഷങ്ങൾ മതി” – ഒരു കമന്റ്.

“സുനിൽ ഷെട്ടി എത്രത്തോളം അരക്ഷിതനാണെന്ന് ഇത് തെളിയിക്കുന്നു. അയാൾക്ക് സ്വയം ലജ്ജിക്കണം” – മറ്റൊരു കമന്റ്.

malayalampulse

malayalampulse