കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? തെറ്റായ വിവരം നൽകി; കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

ദില്ലി: മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം കോടതിയെ അറിയിച്ചതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ കടുത്ത വിമർശനം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ എന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി.

നെതർലാൻഡിലേക്ക് അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ അയക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയും വിവരങ്ങളും കേരള സർക്കാർ നൽകിയിട്ടില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി. ഹമീദും കോടതിയിൽ വ്യക്തമാക്കി.

തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാർ നിലപാട് തിരുത്തുകയായിരുന്നു. ഇതോടെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് രാജേഷ് ബിന്ദാൽ ആദ്യം 50,000 രൂപ പിഴ ചുമത്തുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, അഡിഷണൽ സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥന പരിഗണിച്ച് പിഴ 25,000 രൂപയായി കുറയ്ക്കുകയായിരുന്നു.

malayalampulse

malayalampulse