തൃശൂർ: വോട്ടുചേർക്കൽ, ഇരട്ടവോട്ട് വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. വിവാദങ്ങളെക്കുറിച്ച് മന്ത്രിയുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. വൻ പൊലീസ് സുരക്ഷയിലാണ് സ്റ്റേഷനിൽ നിന്നിറങ്ങിയത്.
ഇന്നലെ ക്യാംപ് ഓഫിസിന് മുന്നിൽ നടന്ന സി.പി.എം–ബി.ജെ.പി സംഘർഷത്തിൽ പരുക്കേറ്റ പ്രവർത്തകരെ കാണാൻ മന്ത്രി അശ്വിനി ആശുപത്രിയിൽ പോയി.
അതേസമയം, ലോക്സഭ തിരഞ്ഞെടുപ്പിൽ ചട്ടലംഘിച്ച് വോട്ടുകൾ കൂട്ടത്തോടെ ചേർത്തെന്ന ആക്ഷേപത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷും ഉൾപ്പെടെ ആറു കുടുംബാംഗങ്ങൾക്കും തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഏറ്റവും പുതിയ വോട്ടർ പട്ടികയിൽ തിരുവനന്തപുരത്താണ് വോട്ട്. ലോക്സഭയിൽ തൃശൂരിലും കൊല്ലത്തും വോട്ടുള്ള സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും തദ്ദേശ വോട്ട് തിരുവനന്തപുരത്താണ്.
സുരേഷ് ഗോപി, ഭാര്യ, ബന്ധുക്കൾ എന്നിവർ ശാസ്തമംഗലം വാർഡിൽ സ്ഥിരതാമസക്കാരായി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ വോട്ട് ചെയ്തവരാണ്. തൃശൂരിൽ മത്സരിച്ചതോടെ വാടക മേൽവിലാസത്തിലേക്ക് വോട്ട് മാറ്റിയെന്നാണ് വിവരം. സ്ഥിരതാമസക്കാർക്കുള്ള വോട്ടവകാശം മറ്റിടത്ത് ഉപയോഗിച്ചതാണ് ആരോപണത്തിന്റെ സാരാംശം.
