തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഭാരതത്തിലെ പൗരന്മാര്‍ സംയമനം പാലിക്കണം, ഇത്തരം സംഭവങ്ങളുടെ പേരില്‍ അസഹിഷ്ണുതയും അസ്വാരസ്യവും വിതറാതെ, സഹോദരത്വം ഉറപ്പിച്ചു നിലകൊള്ളണം,” – സുരേഷ് ഗോപി പറഞ്ഞു.
കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തും, നടപടിയും ഉണ്ടാകും എന്ന് ഉറപ്പ് നല്‍കി മന്ത്രി കൂട്ടിച്ചേർത്തു.
“ഡല്‍ഹിയില്‍ സംഭവിച്ചത് വളരെ ദൂരെയാണെന്ന് കരുതി നില്‍ക്കാനാവില്ല. സ്‌ഫോടനത്തില്‍ നിന്നുള്ള ഞെട്ടലും ഭയവും ജനങ്ങള്‍ക്ക് ഇപ്പോഴും മാറിയിട്ടില്ല,” – അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഈ സാഹചര്യത്തില്‍ താന്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ഇന്ന് ചേരുമെന്നും, അതിന് ശേഷം സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തീരുമാനം മാധ്യമങ്ങളെ അറിയിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
