‘സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം’; സുരേഷ് ഗോപി

കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി. സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുരേഷ് ഗോപി ഈ പ്രസ്താവന നടത്തിയത്.

“എനിക്ക് മന്ത്രിയാകണ്ട, എനിക്കെന്റെ സിനിമാ ജീവിതം തുടരണം. മന്ത്രി ആയാൽ അത് വലിയ ബുദ്ധിമുട്ടാണ്. എനിക്ക് അഭിനയത്തിൽ നിന്ന് സമ്പാദിക്കേണ്ടതുണ്ട്. എന്റെ വരുമാനത്തിൽ ആശ്രയിക്കുന്ന ചിലർ ഉണ്ട്; അവരെ സഹായിക്കണമെങ്കിൽ വരുമാനം നിലയ്ക്കാൻ പാടില്ല. ഇപ്പോൾ അത് കുറച്ചുപോലും നിലച്ചിട്ടുണ്ട്,” — എന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

“എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ (സി. സദാനന്ദനെ) മന്ത്രിയാക്കിയാൽ അത് കേരളത്തിന്റെ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്ന് ഞാൻ വിശ്വസിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ ‘കലുങ്ക് ചര്‍ച്ച’ക്കെതിരായ പ്രചരണത്തിനെതിരെ സുരേഷ് ഗോപി പ്രതികരിച്ചു. “പൂച്ചാണ്ടി കാണിച്ച് എന്നെ ഭയപ്പെടുത്താനാവില്ല. പറയാനുള്ളത് പറഞ്ഞുതന്നെ മുന്നോട്ടുപോകും,” എന്ന് അദ്ദേഹം വ്യക്തമാക്കി.

“കലുങ്ക് ചര്‍ച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിന്‍റെ നൈര്‍മല്യവും ജനസമ്പർക്കത്തിന്റെ ആത്മാർത്ഥതയും എതിരാളികളെ ഭയപ്പെടുത്തുകയാണ്. അത് തന്നെയാണ് അവരുടെ വ്യാകുലത,” എന്നും സുരേഷ് ഗോപി പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു — “ഞാൻ ഒന്നിനെയും വെറുതെ വിടില്ല. കലുങ്ക് ചര്‍ച്ചയ്ക്ക് ‘സർജിക്കൽ സ്‌ട്രൈക്ക്’ ഉണ്ടാകും; അത് ജനങ്ങൾക്ക് ഗുണകരമാകും.”

malayalampulse

malayalampulse