തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നൽകേണ്ടതെന്നും, താൻ മന്ത്രിയായതിനാൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂരിലെ വോട്ടർ പട്ടിക വിവാദത്തെ കുറിച്ച് ഇതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. “കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം. ഇല്ലെങ്കിൽ കേസ് സുപ്രീം കോടതിയിൽ എത്തിയാൽ അവിടെയും ചോദിക്കാം” എന്നും അദ്ദേഹം വ്യക്തമാക്കി. താൻ മന്ത്രിസ്ഥാനത്തിന്റെ ഉത്തരവാദിത്വം കണക്കിലെടുത്താണ് പ്രതികരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാവ് അനിൽ അക്കരെയടക്കമുള്ള നേതാക്കളെ പരിഹസിക്കുന്ന തരത്തിലായിരുന്നു പ്രതികരണം. “ഇവിടെ നിന്ന് ചില വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്; അവർ കോടതിയിൽ പോയാൽ മറുപടി ലഭിക്കും” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല അർപ്പിച്ചതിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ശക്തൻ തമ്പുരാന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുമെന്നും “ആ ശക്തനെ തിരികെ പിടിക്കണം” എന്നും സുരേഷ് ഗോപി പറഞ്ഞു.
