തിരുവനന്തപുരം: സിപിഎമ്മിനെതിരെ ശക്തമായ വിമർശനവുമായി സീറോ മലബാർ സഭ. ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ഒറ്റപ്പെടുത്തുന്ന നടപടി അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണെന്നും സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഛത്തീസ്ഗഡിലെ മലയാളി നഴ്സുമാർ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ ആർച്ച് ബിഷപ്പ് പാംപ്ലാനി കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞിരുന്നു. ഇതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഛത്തീസ്ഗഢിൽ മതപരിവർത്തന ആരോപണത്തിൽ മലയാളി നഴ്സുമാർ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്രസർക്കാരിനോട് നന്ദി പറഞ്ഞ ആർച്ച് ബിഷപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വിമർശനത്തിനാണ് സഭയുടെ പ്രതികരണം.
“ആർക്ക് നന്ദി പറയണം, ആരെ വിമർശിക്കണം എന്നതിൽ ഇടപെടാനുള്ള അവകാശം രാഷ്ട്രീയ പാർട്ടികൾക്ക് ഇല്ല. സഭയുടെ രാഷ്ട്രീയ നിലപാട് വിഷയങ്ങളോടുള്ള സമീപനത്തിലാണ് അധിഷ്ഠിതം. തെറ്റ് തെറ്റായും, ശരി ശരിയായും പറയുന്നതാണ് സഭയുടെ രീതി,” പ്രസ്താവനയിൽ പറഞ്ഞു.
സഭയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രസ്താവനയിൽ കൂടി ചൂണ്ടിക്കാട്ടിയത്:
സീറോ മലബാർ സഭക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രതിപത്തിയില്ല. ആർച്ച് ബിഷപ്പ് പറഞ്ഞത് സഭയുടെ പൊതുനിലപാടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളെ സഭ അംഗീകരിക്കുന്നു. അതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ പാർട്ടികളും സഭയോടും പുലർത്തണം.
“ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പൊതുസമൂഹത്തിന് മുന്നിൽ ആക്രമിക്കുന്ന നിലപാട് അവസാനിപ്പിക്കണം,” എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
