കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധത്തിനിടെ ഫാക്ടറിക്ക് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിയിൽ നിന്നുള്ള ദുര്‍ഗന്ധവും മലിനീകരണവും മൂലം ജനജീവിതം ദുരിതത്തിലാണെന്നാരോപിച്ച് നാട്ടുകാർ ഏറെ നാളായി സമരത്തിലായിരുന്നു. എന്നാൽ ഇത്തരത്തിൽ വലിയ സംഘര്‍ഷത്തിലേക്ക് സംഭവം നീങ്ങുന്നത് ഇതാദ്യമാണ്.
സംഘര്‍ഷത്തിനിടെ കോഴിക്കോട് റൂറൽ എസ്.പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റു. കല്ലേറിൽ താമരശ്ശേരി എസ്.എച്ച്.ഒ ഉൾപ്പെടെ ചിലര്‍ക്ക് പരിക്കേറ്റു. കല്ലേറിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. പരിക്കേറ്റ എസ്.പി യെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
20ലധികം പൊലീസുകാർക്കും നിരവധി സമരക്കാർക്കും പരിക്കേറ്റതായി വിവരം. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
ഫാക്ടറിയിൽ ഇപ്പോഴും തീ ഉയരുന്നുണ്ട്. തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് വാഹനത്തെ സമരക്കാർ തടഞ്ഞതിനാൽ അണയ്ക്കൽ പ്രവർത്തനം പുരോഗമിക്കാത്ത നിലയിലാണ്. സ്ഥിതിഗതികൾکن്റെ നിയന്ത്രണത്തിനായി കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
