ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ജില്ലകളിലായി നാല് പേര്‍ ദുരന്തത്തിൽപ്പെടെ മരിച്ചു. മയിലാടുംതുറയും വില്ലുപുരവും ഉൾപ്പെടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചതായും തൂത്തുക്കുടി, തഞ്ചാവൂർ ജില്ലകളിൽ കെട്ടിടം ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു എന്നും അധികൃതർ അറിയിച്ചു.
കനത്ത മഴയും കാറ്റും കാരണം 1600-ൽ അധികം കെട്ടിടങ്ങൾ കേടുപാടുകൾ നേരിട്ടതായി റിപ്പോർട്ടുണ്ട്. 582 കന്നുകാലികൾ കാണാതായതായും സംസ്ഥാന സർക്കാർ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്ത് 154 റിലീഫ് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇവിടങ്ങളിൽ ആയിരക്കണക്കിന് പേർ താമസം തുടരുന്നു.
തിങ്കളാഴ്ച മുതൽ ചെന്നൈയും സമീപ ജില്ലകളും കനത്ത മഴയുടെ പിടിയിലാണ്. നഗരത്തിലെ റോഡുകളിലും ഹൈവേകളിലും വ്യാപകമായി വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം ദാരുണമായി ബാധിച്ചു. ചില റെസിഡൻഷ്യൽ പ്രദേശങ്ങളിലും വെള്ളം കയറി ജനങ്ങൾ കുടുങ്ങി. തിരുവാരൂർ, നങ്കപട്ടണം, കുഡ്ഡലൂർ, തഞ്ചാവൂർ ജില്ലകളിലായി ഏകദേശം 85,500 ഹെക്ടർ കൃഷിഭൂമി പൂർണ്ണമായും നശിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഫണ്ടുകൾ അനുവദിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. നാശനഷ്ടം സംഭവിച്ച കൃഷിഭൂമിക്ക് ഒരു ഹെക്ടറിന് ₹20,000 ധനസഹായം നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു.
മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ, NDRF, SDRF ടീമുകൾ രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടിയന്തര മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
